തെക്കൻ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും; വ്യാപക നാശനഷ്ടം

തകഴിയിൽ റെയിൽവേ പാളത്തിൽ മരം വീണ് ട്രെയിനുകൾ വൈകി

Update: 2024-08-21 06:45 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകൾ തകർന്നതിനാൽ വൈദ്യുതി നിലച്ചു.

കാട്ടാക്കടയിൽ മരം വീണ് വൈദ്യുതി തൂൺ തകർന്നു. ഉന്നാംപാറയിലാണ് നാല് കെ.എസ്.ഇ.ബി പോസ്റ്റുകൾ ഒടിഞ്ഞത്. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് കടപുഴകിയത്.

പൊൻമുടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിതുര - പൊൻമുടി റോഡിൽ 21ാം വളവിലാണ് മരം വീണത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ യാത്ര മുടങ്ങി. വിതുരയിൽനിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.

കോട്ടയത്ത് ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടമാണുണ്ടായത്. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു അപകടം.

നാട്ടകം ഗവ. പോളിടെക്നിക്കിന് സമീപം മരം കടപുഴകി വീണു. നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കോട്ടയം കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് മരം വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി.

കുമരകം പാണ്ടൻ ബസാർ -ആശാരിശ്ശേരി റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ചുളഭാഗം റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ വൈദ്യുതി വിതരണം മുടങ്ങി.

ഒളശ്ശ പള്ളിക്കവല ഓട്ടോ സ്റ്റാൻഡിന് സമീപം തേക്കുമരം വഴിയിലേക്ക് വീണ് പള്ളിക്കവല - ഒളശ്ശ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈക്കം നഗരസഭാ പരിധിയിലും വെച്ചൂർ ഉദയനാപുരം പഞ്ചായത്തിലും മരം വീണ് നാശനഷ്ടമുണ്ടായി. 

പത്തനംതിട്ട സീതത്തോട്ടിൽ വീടിന് മുകളിലേക്ക് മരം വീണു മാതാവിനും ഒന്നര വയസ്സുകാരിക്കും പരിക്കേറ്റു. അൻവിക അജയ്, മാതാവ് സോണിയ എന്നിവർക്കാണ് പരിക്കേറ്റത്. മരം വീണ് പൊട്ടിയ ഓടിന്റെ കഷ്ണം വീണാണ് കുഞ്ഞിന് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലം കരകവിഞ്ഞ് ഒഴുകുകയാണ്. മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ഇതോടെയാണ് വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നത്.

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കൊല്ലം ഹാർബറിൽ കരയ്ക്ക് കയറ്റിയിട്ടുണ്ട്.

കൊല്ലം മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഫെൽക്കിൻസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബെർണാർഡ് നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൊല്ലം ബീച്ചിൽ 11 കെവി വൈദ്യുതി പോസ്റ്റ് വീടിന്റെ മുകളിലേക്ക് ചരിഞ്ഞു. ഗാന്ധി പാർക്കിലെ ചുറ്റുമതിൽ ഭാഗികമായി തകർന്നു.

ആലപ്പുഴയിൽ പലയിടത്തും ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി. തകഴിയിൽ റെയിൽവേ പാളത്തിൽ മരം വീണതോടെ രാവിലെ ട്രെയിനുകൾ വൈകി. തലവടിയിൽ നിർമാണത്തിലിരുന്ന വീട് മരം വീണ് തകർന്നു. പുലർച്ചെയുണ്ടായ കാറ്റിലാണ് സംഭവം. പലയിടങ്ങളിലും വൈദ്യുതിയില്ല.


Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News