മുണ്ടക്കൈ ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണം - മുഖ്യമന്ത്രി
കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.
ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു.
അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കേരളാ ബാങ്ക് ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ രണ്ട് കോടി രൂപ വാഗ്ദാനം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഞ്ച് കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാവരും ഇതിൽ പങ്കാളികളാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കലക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കലക്ടറേറ്റില്‍ ഇവ ശേഖരിക്കാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.
പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.