'അപ്പീലുമായി എന്തിന് വന്നു?'; ആനക്കൊമ്പ് കേസിൽ മോഹന്‍ലാലിനെതിരെ ഹൈക്കോടതി
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എങ്ങനെയാണ് റദ്ദാകുന്നതെന്നും കോടതി ചോദിച്ചു.
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനെതിരെ ഹൈക്കോടതി. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. സർക്കാരിന്റെ ഹരജി തള്ളിയതിന് മോഹൻലാൽ എന്തിനാണ് അപ്പീൽ നൽകിയതെന്ന് കോടതി ചോദിച്ചു.
ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ മോഹന്‍ലാല്‍ അപ്പീല്‍ ഹരജി നല്‍കിയിരുന്നു. ഇതിലാണ് ഹൈക്കോടതി വിമർശനം. മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാവണം എന്നും കോടതി നിർദേശിച്ചു.
പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസ് നിലവിലുള്ളത്. ആ കേസ് റദ്ദാക്കണം, അല്ലെങ്കില്‍ തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ ഹരജിയാണ് പെരുമ്പാവൂര്‍ കോടതി തള്ളിയിട്ടുള്ളതെന്ന് കോടതി പറഞ്ഞു. ഇതിനെതിരെ മോഹന്‍ലാല്‍ എന്തിനാണ് അപ്പീല്‍ നല്‍കിയതെന്നും സര്‍ക്കാരല്ലേ അപ്പീല്‍ സമര്‍പ്പിക്കേണ്ടതെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എങ്ങനെയാണ് റദ്ദാകുന്നതെന്നും കോടതി ചോദിച്ചു.
തനിക്കെതിരെ വസ്തുകളും നിയമവശങ്ങളും പരിശോധിച്ചല്ല പെരുമ്പാവൂര്‍ കോടതി നടപടിയെടുത്തതെന്നും തെളിവില്ലാത്തതിനാല്‍ ആണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും അതിനാല്‍ ഈ കേസ് റദ്ദാക്കണം എന്നുമാണ് നടന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ അഭ്യര്‍ഥിച്ചിരുന്നത്. ഇതിന്റെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി നടനെതിരെ രംഗത്തുവന്നത്.