ഹൈക്കോടതി കോഴക്കേസ് : അഡ്വ. സൈബി ജോസിന് പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു
ജഡ്ജിക്ക് നൽകാൻ സൈബി നിർമാതാവിൽ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു കേസ്
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന കേസിൽ നിർമ്മാതാവിനെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ജഡ്ജിക്ക് നൽകാൻ സൈബി നിർമാതാവിൽ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു കേസ്.
കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. അതേസമയം പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തിരുന്നു. ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് സൈബിയുടെ അഭിഭാഷകൻ വാദിച്ചത്. അതേസമയം കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
ഹരജി ഫയലിൽ സ്വീകരിക്കുന്നതിനു മുമ്പ് സർക്കാർ വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റി