ഷാൻ വധക്കേസ്: പ്രതികളായ നാല് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു
എറണാകുളം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.
ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ച് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് തള്ളി. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്