സോളാർ ഗൂഢാലോചന: ഗണേഷിനെതിരെ തുടർനടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി
പത്തു ദിവസം വരെ ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു
കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. എന്നാല്, കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് ഹാജരാകേണ്ടതില്ല. പത്തു ദിവസം വരെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഗണേഷ് കുമാറിനെതിരായ കേസ്. കേസിൽ എഫ്.ഐ.ആറും തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി കേസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗണേഷിന് സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതു നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതാണിപ്പോൾ നീക്കിയിരിക്കുന്നത്.
എന്നാൽ, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹരജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഗണേഷ് കൊട്ടാരക്കര കോടതിയിൽ പത്തു ദിവസം നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.
പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ അറിയിച്ചു. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയാണ്. പിന്നെ എങ്ങനെയാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്ന ആരോപണം നിലനിൽക്കുകയെന്നും ഗണേഷ് ചോദിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയാണിതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
Summary: The Kerala High Court lifted the stay of further proceedings in the Kottarakkara Magistrate court in the solar conspiracy case