മതവിദ്വേഷം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന സർക്കാരിൻ്റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. പൊലീസ് കേസിലെ പരാതിക്കാരൻ ആയ ഡോക്ടർ പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിലാണ് പോലീസ് കേസെടുത്തതിരുന്നത്. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.