ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല; മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

ലോറൻസിന്റെ മകൾ ആശയുടെ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Update: 2024-09-30 06:51 GMT
Advertising

കൊച്ചി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാറിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ലോറൻസിന്റെ മകൾ ആശയുടെ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ആശ ലോറൻസിൻ്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേട്ടിരുന്നു. നേരത്തെ ഹരജി പരിഗണിച്ചപ്പോൾ മക്കൾ മാത്രമേ വിറ്റ്നസ് ഉണ്ടായിരുന്നുള്ളൂ എന്ന് ആശ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇവരല്ലാതെ മറ്റ് രണ്ടുപേരാണ് വിറ്റ്‌നസായി ഹാജരായതെന്നും ഒരു മകൾ അഫിഡവിറ്റ് പിൻവലിക്കുകയും ചെയ്തതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യങ്ങൾക്ക് വിട്ടുനൽകിയ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആശ വ്യക്തമാക്കി.

അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശ‌ക്കെതിരെ ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തിൽ പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുൺ ആന്റണി പറഞ്ഞു. ഹൈക്കോടതി നിർദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെ ആശ എതിർത്തതിനെ തുടർന്ന് പൊതുദർശന ചടങ്ങ് നാടകീയമായിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News