ഉത്തരവുകളുടെ പകർപ്പ് അതിവേഗത്തിൽ കക്ഷികൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി ഹൈക്കോടതി
ഉത്തരവ് വന്നതിന് പിന്നാലെ ഓൺലൈനായി അപേക്ഷിച്ചാൽ ജസ്റ്റിസ് ഒപ്പിട്ട പകർപ്പ് കൈമാറാനുള്ള സംവിധാനമാണ് ഹൈക്കോടതി ഒരുക്കിയിരിക്കുന്നത്
കൊച്ചി: ഉത്തരവുകളുടെ പകർപ്പ് അതിവേഗത്തിൽ കക്ഷികൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി കേരള ഹൈക്കോടതി. ഉത്തരവ് വന്നതിന് പിന്നാലെ ഓൺലൈനായി അപേക്ഷിച്ചാൽ ജസ്റ്റിസ് ഒപ്പിട്ട പകർപ്പ് കൈമാറാനുള്ള സംവിധാനമാണ് ഹൈക്കോടതി ഒരുക്കിയിരിക്കുന്നത് . രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയുള്ള ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസ്യം ചേർന്ന് ഇന്ന് നിർവഹിക്കും.
ഹൈക്കോടതി ഉത്തരവുകള്‍ മലയാളത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ മറ്റൊരു നേട്ടം കൂടി കൈവരിക്കാൻ ഒരുങ്ങുകയാണ് കേരള ഹൈക്കോടതി. ഇനി മുതൽ കോടതിയിൽ നിന്നും വരുന്ന വിധികളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് ഓണ്‍ലൈൻ വഴി ലഭ്യമാക്കാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവ് വന്നാൽ അതിൽ ജഡ്ജ് ഒപ്പിട്ട പകർപ്പ് ലഭ്യമാകാൻ നിലവിൽ കാലതാമസമുണ്ട്. കോടതിവിധി എതിരാകുന്ന കക്ഷിക്ക് മേൽക്കോടതിയെ സമീപിക്കാൻ ഇത് കാലതാമസവും ഉണ്ടാക്കാറുമുണ്ട് . ഇതിന് അതിവേഗ പരിഹാരം കണ്ടെത്തുക ആണ് കേരള ഹൈക്കോടതി . പുതിയ സംവിധാനത്തിൽ ഉത്തരവിന്‍റെ പകർപ്പിനായി ഓണ്‍ലൈൻ വഴി അപേക്ഷിച്ചാൽ അപ്പോൾ തന്നെ ലഭ്യമാകും.
കോടതി ഉത്തരവ് വന്നതിന് പിന്നാലെ തന്നെ സർട്ടിഫൈഡ് കോപ്പിയും ലഭിക്കും. അൻപതോളം ജീവനക്കാർ ചേർന്ന് ചെയ്തിരുന്ന ജോലി ഇനി മുതൽ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ പൂർത്തിയാക്കാനാണ് ശ്രമം. വിജിലൻസ് കോടതികളിലും ഇത് നടപ്പാക്കും. വിജിലൻസ് കേടതികളിൽ കേസിന്‍റെ അവസ്ഥ അറിയാൻ നിലവിൽ പ്രത്യേക സംവിധാനങ്ങളില്ല. കേസുകളുടെ വിശദാംശങ്ങൾ ഇനിമുതൽ ഓൺലൈനിൽ അറിയാനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ആദ്യം ഓണ്‍ലൈൻ സംവിധാനം നടപ്പാക്കുന്നത്. ഓണ്‍ലൈനായി പരാതി നൽകാനും സാധിക്കും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനിലേക്ക് മാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുക.