ഗാന്ധിവധം ശരിയായിരുന്നു; ഗോഡ്‌സെയാണ് യഥാർഥ നായകൻ: ഹിന്ദു മഹാസഭ
'സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. കേരളത്തിൽ ലവ് ജിഹാദ് ഇപ്പോഴും തുടരുകയാണ്. ലവ് ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്'
തൃശൂർ: നാഥൂറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയാണ് ശരി. പാകിസ്താനും ഇന്ത്യയുമായി രാഷ്ട്രത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. ഗോഡ്‌സെയുടെ പ്രവൃത്തിയെ സഭ അംഗീകരിക്കുന്നതായും ഗാന്ധിയെ തങ്ങൾ എതിർക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്. കേരളത്തിൽ ലവ് ജിഹാദ് ഇപ്പോഴും തുടരുകയാണ്. ലവ് ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്. രാജ്യാന്തര പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിന് എന്താണ് തെളിവെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും തെളിവ് നിരത്താൻ അദ്ദേഹത്തിനായില്ല.
യഥാർഥ ജിഹാദുമായി മുസ്‌ലിംകൾ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയാണെന്നും ഇതിനെതിരെ ഹിന്ദു മഹാസഭ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ലവ് ജിഹാദ് വിഷയത്തിലടക്കം കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഗോഹത്യ കേരളത്തിൽ വല്ലാതെ വർധിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിയമം മൂലം ഗോമാതാവിനെ അറുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ ഇടപെട്ട് നിയമം പാസാക്കിയല്ലാതെ ഇതിന് അറുതിയാവില്ല. രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിൽവരുന്നതോടെ വർഗ വർണ ജാതിരഹിത സമൂഹത്തെ സൃഷ്ടിക്കാനാവും. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ജോലി അടക്കം നിഷേധിക്കാനുമാവും. സവർക്കറുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഒരുലക്ഷം കുടകളും നോട്ട്ബുക്കുകളും ബാഗുകളും സംസ്ഥാനവ്യാപകമായി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഷിനോജ് ശ്രീനിവാസൻ, സി.ജെ കിഷൻ, ശ്രീനിവാസ് കുറുപ്പത്ത്, സ്വാമി ആദിത്യ സ്വരൂപാനന്ദ് എന്നിവരും പങ്കെടുത്തു.