രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ; തൃപ്പെരുന്തുറയിൽ സംഭവിച്ചതെന്ത്?
നേരത്തെ, ബിജെപി പഞ്ചായത്ത് ഭരണം പിടിക്കുന്നത് ഒഴിവാക്കാനായി രണ്ടു തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ തൃപ്പെരുന്തുറയിൽ അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. ഭരിക്കാൻ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ബിജെപിയുടെ ബിന്ദു പ്രദീപാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിട്ടു നിന്നതോടെ പഞ്ചായത്തിൽ ബിജെപി അധികാരം പിടിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
യഥാർത്ഥത്തിൽ സംഭവിച്ചത്
പതിനെട്ട് അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ആറു വീതം അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് അഞ്ച് അംഗങ്ങളും. ഒരാൾ യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്രനാണ്. എസ്.സി/എസ്.ടി വനിതാ സംവരണമാണ് പ്രസിഡണ്ട് സ്ഥാനം. ബിജെപിക്കും സിപിഎമ്മിനും മാത്രമാണ് സംവരണ സമുദായത്തിൽ നിന്നുള്ള അംഗങ്ങളുണ്ട്.
ബിജെപിയുടെ ബിന്ദു പ്രദീപ്, സിപിഎമ്മിന്റെ വിജയമ്മ ഫിലേന്ദ്രൻ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ ബിന്ദുവിന് ഏഴും വിജയമ്മയ്ക്ക് നാലും വോട്ടുകൾ ലഭിച്ചു. യുഡിഎഫ് വിമതൻ ബിജെപിയെ പിന്തുണച്ചതോടെയാണ് ബിന്ദുവിന് ഏഴു വോട്ടു കിട്ടിയത്. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ വിജയമ്മയുടെ വോട്ട് നാലായി ചുരുങ്ങി. തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നു.
കോൺഗ്രസ് പിന്തുണ വേണ്ടെന്ന് സിപിഎം
നേരത്തെ, ബിജെപി പഞ്ചായത്ത് ഭരണം പിടിക്കുന്നത് ഒഴിവാക്കാനായി രണ്ടു തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ കോൺഗ്രസുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഈ തീരുമാനത്തിന് പിന്നാലെ വിജയമ്മ ഫിലേന്ദ്രൻ രാജിവയ്ക്കുകയും ചെയ്തിരുന്നു. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിക്കുകയും ചെയ്തു.