അവയവക്കച്ചവടത്തിന് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത്; മുഖ്യ സൂത്രധാരന്മാർ കൊച്ചി കേന്ദ്രീകരിച്ച്
കൊച്ചിയിലെ ആശുപത്രികളിൽ നിന്നുൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്
കൊച്ചി: അവയവക്കച്ചവടത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴിയും മനുഷ്യക്കടത്ത് നടനെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യ സൂത്രധാരന്മാർ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. സംഘത്തെ സഹായിച്ച കൂടുതൽ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഹൈദരാബാദ്, ബംഗ്ലൂരു, ഡൽഹി വിമാനത്താവളങ്ങൾ വഴിയാണ് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത് നടന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കേസിലെ മുഖ്യസൂത്രധാരന്മാരായ സജിത്ത് ശ്യാം, മധു എന്നിവർ അടക്കം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ കൊച്ചിയിലെ ആശുപത്രികളിൽ നിന്ന് ഉൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സംഘത്തെ സഹായിച്ച കൂടുതൽ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
20 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് മുഖ്യപ്രതിയായ സാബിത്ത് നാസർ നൽകിയ മൊഴി. എന്നാൽ കൂടുതൽ ആളുകൾ അവയവ കച്ചവടത്തിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ മറ്റൊരു കണ്ടെത്തൽ. വൃക്ക ദാതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിനിടെ അറസ്റ്റിലായ എടത്തല സ്വദേശി സജിത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.