ഹേമ കമ്മിറ്റി റിപ്പോർട്ട്; എല്ലാമറിഞ്ഞിട്ടും സ്വന്തം നിലനിൽപ്പിനായി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റമുണ്ടെന്ന് സജിത മഠത്തിൽ
ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ ഭാഗമായതിന്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഡബ്ല്യൂ.സി.സി ഇവിടെ തന്നെയുണ്ടാകുമെന്നും സജിത മഠത്തിൽ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും സ്വന്തം നിലനിൽപ്പിനായി ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്ന് നടി സജിത മഠത്തിൽ. എല്ലാമറിഞ്ഞിട്ടും കണ്ണടക്കുകയാണവർ. എത്ര ശ്രമിച്ചാലും എനിക്ക് അവരാകാൻ സാധിക്കില്ല . ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സജിത മഠത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്.
അടുത്ത തലമുറയിലെ സ്ത്രീകൾക്കെങ്കിലും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും മലയാള സിനിമാ ലോകത്ത് പണിയെടുക്കാൻ കഴിഞ്ഞാൽ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ എനിക്ക് മറക്കാനാവുമെന്നും അവർ പറഞ്ഞു.
ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ ഭാഗമായതിന്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിലും സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിലും വേദനിച്ചിട്ടുണ്ട്. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഡബ്ല്യൂ.സി.സി ഇവിടെ തന്നെയുണ്ടാകുമെന്നും മുന്നോട്ടു പോകുമെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആഹ്ലാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിൻ്റെതുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
WCC എന്ന സംഘടനയുടെ ഭാഗമായതിൻ്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ, എല്ലാം വേദനിച്ചിട്ടുണ്ട്.
സ്വന്തം നിലനിൽപ്പിനായി നിശ്ശബ്ദമായി, ഇതൊന്നും എന്നെ ബാധിക്കില്ല എന്നു വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റമുണ്ട്. എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്നവർ ! എനിക്കവരാവാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല.
അടുത്ത തലമുറയിലെ സ്ത്രീകൾക്കെങ്കിലും dignity യോടെ മലയാള സിനിമാ ലോകത്ത് പണിയെടുക്കാൻ കഴിഞ്ഞാൽ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ മറക്കാൻ എനിക്കാവും.
നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും WCC ഇവിടെ തന്നെയുണ്ട്. മുന്നോട്ടു തന്നെ.