മന്ത്രിയായി തുടരണമെന്ന് നിർബന്ധമില്ലെന്ന് എ.കെ ശശീന്ദ്രൻ; സ്ഥാനം തോമസ് കെ. തോമസിന് നൽകുമെന്ന് പി.സി ചാക്കോ

പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് അടുത്തയാ‌ഴ്ച മുഖ്യമന്ത്രിയെ അറിയിക്കും.

Update: 2024-09-28 13:14 GMT
Advertising

പാലക്കാട്/തിരുവനന്തപുരം: മന്ത്രിയായി തുടരണമെന്ന് തനിക്ക് നിർബന്ധമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലപാട് അറിയിക്കേണ്ട സ്ഥലത്ത് അറിയിക്കും. എന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്നത് നിർബന്ധമാണെന്നും എ.കെ ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. എൻസിപി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനമാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്.

ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം അനുസരിക്കാതെ പാർട്ടിയിൽ തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഏതുകാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ട്. എൻസിപിക്ക് മന്ത്രിസ്ഥാനം ഇല്ലാതാകും എന്ന അഭ്യൂഹം മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നു. അങ്ങനെയൊരു തീരുമാനം ഉണ്ടാകാൻ പാടില്ല. മൂന്നാം തിയതി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനംമന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ തീരുമാനിച്ചുവെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വ്യക്തമാക്കുന്നത്. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് അടുത്തയാ‌ഴ്ച മുഖ്യമന്ത്രിയെ അറിയിക്കും. മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന നിലപാടിലാണ് എ.കെ ശശീന്ദ്രൻ.

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള ധാരണ ഉണ്ടായത്. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം മാറി നൽകാമെന്ന് ധാരണയുണ്ടായിരുന്നു എന്ന തോമസ് കെ. തോമസിന്റെ വാദത്തിന് സംസ്ഥാന നേതൃത്വവും പിന്തുണ നൽകി.

പത്ത് പാർട്ടി ജില്ലാ അധ്യക്ഷന്മാർ തോമസ് കെ. തോമസിന് പിന്തുണയുമായി രംഗത്തുണ്ട്. ശശീന്ദ്രൻ കഴിഞ്ഞ എട്ടര വർഷമായി മന്ത്രിസ്ഥാനത്ത് തുടരുന്നതുകൊണ്ട് ഇനി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന അഭിപ്രായത്തോട് ദേശീയ അധ്യക്ഷൻ ശരദ് പവാറിനും അനുകൂല നിലപാടാണ് ഉണ്ടായത്. മന്ത്രിമാറ്റക്കാര്യം മുഖ്യമന്ത്രി അറിയിക്കണമെന്ന് ശരദ് പവാർ സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞത്.

മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിന്തുണ നൽകില്ല എന്ന വിശ്വാസമാണ് എ.കെ ശശീന്ദ്രൻ ഇപ്പോഴുമുള്ളത്. എൻസിപിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞാൽ പി.സി ചാക്കോയുടെ അധ്യക്ഷസ്ഥാനം തെറിപ്പിക്കാനാണ് എ.കെ ശശീന്ദ്രൻ്റെ നീക്കം. മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം വേണം എന്ന നിലപാടിൽ ശശീന്ദ്രൻ മാറ്റം വരുത്തില്ല. അങ്ങനെയെങ്കിൽ ദേശീയ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് മാത്രമായി പി.സി ചാക്കോ തുടരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News