'കുട്ടികള് യൂണിഫോം ഇട്ട് നില്‍ക്കുന്ന രംഗം ഇപ്പോഴും മനസിലുണ്ട്, രാത്രി ഉറങ്ങിട്ടിയില്ല'
താനൂർ ബോട്ടപകടത്തിൽ ഏഴ് കുട്ടികളടക്കം 11 പേരാണ് പുത്തൻ കടപ്പുറം സ്വദേശി സെയ്തലവിക്ക് നഷ്ടമായത്
താനൂര്‍: കഴിഞ്ഞ കൊല്ലത്തെ സ്‌കൂൾ തുറക്കലിന് സെയ്തലവിയും സഹോദരനും വിശ്രമിച്ചിട്ടില്ല. കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം തേടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. നിറമുള്ള കുടകളും യൂണിഫോമും നോട്ടുബുക്കുകളുമെല്ലാം വാങ്ങിയത് എവിടെ നിന്നൊക്കെ പൈസ ഒപ്പിച്ചാണെന്നറിയില്ല. എങ്കിലും ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല.
പക്ഷേ ഇക്കൊല്ലം അതൊന്നും വേണ്ട. ആർക്കും ഒന്നും വാങ്ങി നൽകാനില്ല. കുടയുടെ നിറം മാറിയെന്ന് പറഞ്ഞ് ആരും വാശി പിടിച്ച് കരയാനില്ല. റുസ്‌നയും ഫിദയും ഷംനയുമെന്നും ഇനി തിരിച്ചു വരില്ല. ആഴ്ചയിലെ അവസാന അവധി ദിനം ആഘോഷിക്കാനായി പോയ ആ കുരുന്നു ജീവനുകൾ പൂരപ്പുഴയുടെ ആഴങ്ങളിൽ ഇല്ലാതായി. താനൂർ ബോട്ടപകടത്തിൽ ഏഴ് കുട്ടികളടക്കം 11 പേരാണ് പുത്തൻ കടപ്പുറം സ്വദേശി സെയ്തലവിക്ക് നഷ്ടമായത്. ആയുസും ആരോഗ്യവും മുഴുവൻ തന്റെ കുടുംബത്തിനായി മാറ്റിവെച്ച സെയ്തലവിക്ക് ഇന്നത്തെ ദിവസം ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഘ്യമുണ്ടായിരുന്നു.
'സ്‌കൂൾ തുറക്കുന്ന ദിവസം രാവിലെയുള്ള തിരക്കും യൂണിഫോം അണിഞ്ഞ് നിൽക്കാനുള്ള പിടിവാശിയും ഒരു തിരശ്ശീലയിലെന്ന് പോലെ മനസിലേക്ക് വന്നു. രാത്രി ഒരുപോള കണ്ണടച്ചില്ല. ഉറങ്ങാൻ കിടന്നാൽ അവരുടെ മുഖം മനസിലേക്ക് വരും. കുട്ടികൾ വീട്ടിലുണ്ടെങ്കിൽ എന്നും പെരുന്നാളാണ്. രണ്ടരയായപ്പോൾ സഹോദരിയുടെ മകൾ വന്നു. കുറേ സമാധാനിപ്പിച്ചു. ആരും ഇല്ലല്ലോ ഇപ്പൊ വീട്ടിൽ...'' സെയ്തലവി കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു നിർത്തി.
വീട്ടിലിരുന്നിട്ട് ഇരിപ്പുറയ്ക്കാത്തതിനാൽ സുഹൃത്തിനൊപ്പം ബൈക്കെടുത്ത് സ്‌കൂളിന്റെ പരിസരത്തേക്ക് പോയി. ചിരിച്ചുല്ലസിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിൽ തന്റെ പ്രിയപ്പെട്ടവരുണ്ടോയെന്ന് വെറുതേ തിരഞ്ഞു. ഇല്ലെന്നുറപ്പിക്കാൻ മനസ് സമ്മതിക്കുന്നില്ല. അവർ ആ കൂട്ടത്തിലെവിടെയോ ഉണ്ട്. തിരിഞ്ഞു നടക്കുമ്പോൾ ഉപ്പച്ചീ എന്നുറക്കെ വിളിച്ച് പിന്നാലെ ഓടി വരുമെന്ന് വെറുതേ മനസിലോർത്തു. ഇല്ലെന്നുറപ്പായപ്പോൾ സുഹൃത്തിന്റെ ബൈക്കിന് പിന്നിൽ കയറി വീട്ടിലേക്ക് പോന്നു.
''രണ്ടാമത്തെ മോള് പ്ലസ് വണ്ണിലായിരുന്നു. പക്ഷേ പ്ലസ് ടൂവിന്റേത് ഇപ്പോ തന്നെ ഓള് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് നോട്ട്ബുക്കുകൾ വാങ്ങി അതിലൊക്കെ എഴുതുന്നുണ്ട്. കൊറേ നോട്ടുബുക്കുകളുണ്ട്. അതൊക്കെ അവിടെ എടുത്തുവെച്ചിട്ടുണ്ട്. നമുക്ക് കിട്ടാത്തത് അവൾക്ക് കിട്ടണമെന്നുള്ള ഒരു വാശിയുണ്ടായിരുന്നു... അത് മാത്രമല്ല. ഈ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന മക്കള് അവർക്ക് താഴെയുള്ളവരെ പഠിപ്പിക്കുമായിരുന്നു. പിന്നെ അ അതിപ്പോഴും കണ്ണിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. അവര് 10 30 ന് ശേഷമാണ് പഠിച്ചിരുന്നത്. ഞാൻ അവർക്ക് കാവലിരിക്കുമായിരുന്നു....'' കരച്ചിലടക്കി സെയ്തലവി പറഞ്ഞു.
ആ ദുരന്തത്തിൽ സെയ്തലവിക്ക് നഷ്ടമായത് കുടുംബവും കുട്ടികളും മാത്രമായിരുന്നില്ല. ജീവിതത്തിൽ പൊരുതാനുള്ള ഊർജ്ജം കൂടിയായിരുന്നു. അതിജീവനത്തിന്റെ കഥകൾ പറഞ്ഞ് ഒരുപാട് പേർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സെയ്തലവിക്ക് അതിന് ചെവി കൊടുക്കാൻ മാത്രമേ സാധിക്കുന്നുള്ളൂി. കാരണം അദ്ദേഹത്തിന്റെ ജീവന്റെ ജീവനായ പൊന്നുമക്കളുടെ ജീവനാണ് പുരപ്പുഴയുടെ ആഴങ്ങളിൽ പൊലിഞ്ഞു പോയത്.