കാട്ടാനകളുടെ സ്വൈരവിഹാരത്തിന് തടസം; ഇടുക്കി ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിവച്ചു
2 സ്പീഡ് ബോട്ടുകൾ, 20 പേർക്ക് സഞ്ചരിക്കാവുന്നു ഒരു ജങ്കാർ ബോട്ട്, 4 പെഡൽ ബോട്ടുകൾ, 7 കുട്ടവഞ്ചികൾ, 10 കയാക്കിങ് വഞ്ചികൾ എന്നിവയാണ് സഞ്ചാരികൾക്കായി സർവീസ് നടത്തിയിരുന്നത്.
ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റ് നിർത്തിവെച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ബോട്ടിങ് താൽക്കാലികമായി നിർത്തിയത്. കാട്ടാനകളുടെ സ്വൈര്യ വിഹാരത്തിന് ബോട്ടിങ് തടസമുണ്ടാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
അരിക്കൊമ്പനും ചക്കക്കൊമ്പനും മൊട്ടവാലനുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയിറങ്കൽ ജലാശയത്തിൽ 2015 ലാണ് ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റ് ബോട്ടിംങ് ആരംഭിച്ചത്. 2 സ്പീഡ് ബോട്ടുകൾ, 20 പേർക്ക് സഞ്ചരിക്കാവുന്നു ഒരു ജങ്കാർ ബോട്ട്, 4 പെഡൽ ബോട്ടുകൾ, 7 കുട്ടവഞ്ചികൾ, 10 കയാക്കിങ് വഞ്ചികൾ എന്നിവയാണ് സഞ്ചാരികൾക്കായി സർവീസ് നടത്തിയിരുന്നത്. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു സഞ്ചാരികളുടെ പ്രധാന ആകർഷണം.
സീസണിൽ ഒരു ലക്ഷം രൂപയും ഓഫ് സീസണിൽ ശരാശരി 25,000 രൂപയുമായിരുന്നു ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ നിന്നുള്ള പ്രതിദിന വരുമാനം. 10 ജീവനക്കരാണ് ഇവിടെ ജോലി ചെയ്യുന്നത്. ബോട്ടിങ് നിരോധിച്ചത് ടൂറിസം മേഖലക്കും തിരിച്ചടിയായി. അതേ സമയം അനിയന്ത്രിതമായ ബോട്ടിങാണ് ജലാശയം മലിനമാകാൻ കാരണമെന്ന പരാതിയും ഉയർന്നിരുന്നു.