കെ-റെയിൽ നാടിന് ഗുണകരമെന്ന് ബോധ്യപ്പെട്ടാൽ പിന്തുണയ്ക്കും: കെ സുധാകരൻ

വന്ദേ ഭാരത് ട്രെയിനുകൾ കൂടുതൽ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു

Update: 2022-02-02 14:33 GMT
Editor : afsal137 | By : Web Desk
Advertising

കെ-റെയിൽ പദ്ധതി നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. ഇതുവരെ ചെയ്തതെല്ലാം നിയമ വിരുമാണെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയാണെന്ന് സുധാകരൻ വിമർശിച്ചു.

വന്ദേ ഭാരത് ട്രെയിനുകൾ കൂടുതൽ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് ചേർന്നതല്ല പിണറായി വിജയന്റെ പെരുമാറ്റവും പ്രതികരണങ്ങളും, ജനാധിപത്യ സംവിധാനത്തിൽ അപമാനമാണ് പിണറായി വിജയന്റെ പ്രവർത്തികൾ, മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. അതേസമയം സർക്കാരിനെതിരെ കടുത്ത വിമർശനവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News