മതസൗഹാർദ്ദത്തിന് പുതിയ മാനങ്ങൾ തീർത്ത് വക്കീല്‍ കുമാരന്‍ എഴുത്തച്ഛന്‍ കോളജിലെ ഇഫ്താർ സംഗമം
ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ ബാബുരാജ് ഭഗവതിയാണ് ഈ ഹൃദ്യമായ നോമ്പ് തുറയുടെ അനുഭവങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്


തൃശൂർ: മതസൗഹാർദ്ദത്തിന്റെ പുതിയ മാനങ്ങൾ തീർത്ത് വക്കീല്‍ കുമാരന്‍ എഴുത്തച്ഛന്‍ കോളജിലെ ഇഫ്താർ സംഗമം. പൂർണമായും അമുസ്ലികളായിരുന്നു ഇഫ്താർ സംഗമത്തിന്റെ സംഘാടകർ. അടുത്തെങ്ങും പള്ളി ഇല്ലാത്തതിനാൽ ബാങ്ക് വിളിക്കാനുള്ള ആളെവരെ നോമ്പുതുറക്കായി തയ്യാറാക്കിയിരുന്നു. സമയമായപ്പോൾ കോളേജിൽ ബാങ്ക് മുഴങ്ങുകയും എല്ലാവരും നോമ്പ് തുറക്കുകയും ചെയ്തു. ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ ബാബുരാജ് ഭഗവതിയാണ് ഈ ഹൃദ്യമായ നോമ്പ് തുറയുടെ അനുഭവങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പ്രഫ. ടി.ബി വിജയകുമാറും അഡ്വ.സുരേഷ് എഴുത്തച്ഛനും കോളജ് പ്രിൻസിപ്പലും അടക്കമുള്ളവരാണ് ഇഫ്താർ സംഘടിപ്പിച്ചത്. കോളേജിൻ്റെ പരിസര പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹത്തിൻ്റെ പ്രതിനിധികളും ഇതര സമുദായത്തിൽ നിന്നുള്ളവരും വിരുന്നിൽ പങ്കെടുത്തിരുന്നു. പലരുടെയും ആദ്യ നോമ്പുതുറ അനുഭവമായിരുന്നു അത്. അമുസ്ലിംകൾ സംഘടിപ്പിച്ച ഒരു നോമ്പുതുറയിൽ ആദ്യമായി പങ്കെടുക്കുകയാണെന്ന് പള്ളി മാനേജ്മെൻ്റ് പ്രതിനിധി വേദിയിൽ പറഞ്ഞു.
സുദായങ്ങൾക്കിടയിൽ വളർന്നു വരേണ്ട സാഹോദര്യത്തക്കുറിച്ചും സാമൂഹിക കാലാവസ്ഥയെക്കുറിച്ചും വേദിയിൽ ആഴത്തിലുള്ള ചർച്ചയുണ്ടായി. പലരും മതത്തിന്റെ അതിർവരമ്പുകൾക്ക് അപ്പുറം തങ്ങൾക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു. എന്തുകൊണ്ട് ഇഫ്താർ നടത്താൻ തങ്ങൾക്ക് നേരത്തെ തോന്നിയില്ല എന്നാണ് സംഘാടകർ പറഞ്ഞത്.
കോളജ് മാനേജ്മെൻ്റ് പ്രതിനിധികൾക്ക് ഇഫ്താർ നടത്തി പരിചയമില്ലാത്തതിനാൽ പള്ളിക്കമ്മറ്റിയുടെ പ്രതിനിധിയാണ് നോമ്പുതുറക്കെത്തിയവർക്ക് നിർദ്ദേശം നൽകിയത്. പള്ളിയിൽ നിന്നുള്ള ബാങ്ക് കോളേജിൽ കേൾക്കാനിടയില്ലാത്തതിനാൽ നോമ്പ് തുറക്കെത്തിയ അതിഥി തന്നെയാണ് കോളേജ് വരാന്തയിൽ വച്ച് ബാങ്ക് വിളിച്ചത്.
ഈ ലോകത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടില്ലെന്ന കുറിപ്പോടെയാണ് ബാബുരാജ് ഭഗവതി ഇതേക്കുറിച്ച് വിവരിച്ചത്. പൊതുഇടത്തിൽ നിസ്കരിച്ചവരെ ആക്രമിക്കുന്നവർക്കെതിരെ എഴുത്തച്ഛൻ സമുദായം നൽകിയ മറുപടിയാണ് ഈ സംഗമമെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
എഴുത്തച്ഛൻ കോളജിലെ ഇഫ്താറും കാമ്പസിലെ ബാങ്ക് വിളിയും
---------------------------------
ഇന്ന് വ്യത്യസ്തമായ ഒരു ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. വരവൂരിലെ വക്കീൽ കുമാരൻ എഴുത്തച്ഛൻ കോളേജിൽ നടന്ന ചടങ്ങിന് പ്രഫ. ടി.ബി വിജയകുമാറും അഡ്വ.സുരേഷ് എഴുത്തച്ഛനും കോളജ് പ്രിൻസിപ്പൽ അടക്കമുള്ള സഹപ്രവർത്തകരുമാണ് നേതൃത്വം നൽകിയത്. കോളേജിൻ്റെ പരിസരപ്രദശങ്ങളിലെ മുസ്‌ലിം സമൂഹത്തിൻ്റെ പ്രതിനിധികളും ഇതര സമുദായത്തിൽ നിന്നുള്ളവരും വിരുന്നിൽ പങ്കെടുത്തു. പലരുടെയും ആദ്യ നോമ്പുതുറ അനുഭവമായിരുന്നു അത്. അമുസ്ലിംകൾ സംഘടിപ്പിച്ച ഒരു നോമ്പുതുറയിൽ ആദ്യമായി പങ്കെടുക്കുകയാണെന്ന് പള്ളി മാനേജ്മെൻ്റ് പ്രതിനിധിയും പറഞ്ഞു. പിന്നീട് സംസാരിച്ചവരും അത് ശരിവച്ചു.
15 കൊല്ലം മുമ്പ് തൻ്റെ സ്ഥാപനത്തിൽ നിന്ന് കടം കൊണ്ടതെന്ന് അവകാശപ്പെട്ട് പണം തിരിച്ചു തരാനെത്തിയ ഒരു മുസ്ലിമിൻ്റെ കഥ പറഞ്ഞാണ് അധ്യക്ഷൻ പരിപാടിക്ക് തുടക്കം കുറിച്ചത്. പഴയ സംഭവമൊന്നുമല്ല നാലുദിവസം മുമ്പുള്ളത്. ഹിന്ദുക്കൾ മുസ്‌ലിംകളെപ്പോലെയാവണമെന്ന് അദ്ദേഹം പറഞ്ഞ തമാശ കൂടെയിരുന്നവർ ചിരിയോടെയല്ല ആഴത്തിലുള്ള ആലോചനയോടെയാണ് സ്വീകരിച്ചതെന്നു തോന്നി. ചടങ്ങിൽ നിരവധി പേർ സംസാരിച്ചു.
സുദായങ്ങൾക്കിടയിൽ വളർന്നു വരേണ്ട സാഹോദര്യത്തക്കുറിച്ചാണ് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ സുദേഷ് എം രഘു പറഞ്ഞത്. ചില അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
സഹോദര സമുദായത്തോടു ചേരാൻ തങ്ങൾക്കു കിട്ടിയ അവസരം എന്ന് വിരുന്നിനെ വിശേഷിപ്പിച്ച അഡ്വ. സുരേഷ് സംവരണ വിഷയത്തിൽ സുപ്രിം കോടതിയിൽ കേസിന് പോകാൻ പണമില്ലാതെ നിന്നപ്പോൾ അഞ്ചു ലക്ഷം തന്നു സഹായിച്ച എം.ഇ. എസ്സിനെക്കുറിച്ചും പറഞ്ഞു. എന്തുകൊണ്ട് ഇത്തരം ഇഫ്താർ വിരുന്നുകൾ നടത്താൻ നേരത്തെ തങ്ങൾക്ക് തോന്നിയില്ല എന്നദ്ദേഹം അത്ഭുതം കൂറി.
കോളജ് മാനേജ്മെൻ്റ് പ്രതിനിധികൾക്ക് ഇഫ്താർ നടത്തി പരിചയമില്ലാത്തതിനാൽ പള്ളിക്കമ്മറ്റിയുടെ പ്രതിനിധിയാണ് നോമ്പുതുറക്കെത്തിയവർക്ക് നിർദ്ദേശം നൽകിയത്. പള്ളിയിൽ നിന്നുള്ള ബാങ്ക് കോളേജിൽ കേൾക്കാനിടയില്ലാത്തതിനാൽ നോമ്പ് തുറക്കെത്തിയ ഒരു സഹോദരൻ തന്നെയാണ് കോളജ് വരാന്തയിൽ വച്ച് ബാങ്ക് വിളിച്ചത്. ഈ കാഴ്ച എന്നെ വല്ലാതെ ഇളക്കി. ഈ ലോകത്തെക്കുറിച്ച് എൻ്റെ പ്രതീക്ഷ നശിച്ചിട്ടില്ലെന്നു മാത്രം അതേ കുറിച്ച് പറയട്ടെ. പൊതു ഇടത്തിൽ നിസ്കരിച്ചവരെ ആക്രമിക്കുന്നവർക്കെതിരെ എഴുത്തച്ഛൻ സമുദായം നൽകിയ മറുപടി. ശ്രീ സുദേഷ് എം രഘു ക്ഷണിച്ചില്ലായിരുന്നെങ്കിൽ ഞാൻ അവിടെ എത്തുമായിരുന്നില്ല - അദ്ദേഹത്തിന് നന്ദി - വിജയകുമാർ സാറിനും അഡ്വ. സുരേഷിനും നന്ദി.