കരിപ്പൂരിലെ അന്യായ പാർക്കിംഗ് ഫീസ്: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
മൂന്നു മിനിറ്റിൽ കൂടുതൽ വാഹനം നിർത്തിയാൽ 500 രൂപയാണ് കരിപ്പൂരില്‍ പിഴ ഈടാക്കുന്നത്
കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിംഗ് സമയക്രമത്തിന്‍റെ പേരിൽ പിഴ ഈടാക്കുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് വിമാനത്താവള റോഡിൽ പൊലീസ് തടഞ്ഞു. പാർക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പാർക്കിംഗ് സമയ ക്രമത്തിന്‍റെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും, വിമാനത്താവളത്തിലെ പാർക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.
വിമാനത്താവള ടെർമിനലിന് സമീപം വാഹനം നിർത്താൻ മൂന്നു മിനിറ്റാണ് അനുവദനീയ സമയം. മൂന്നു മിനിറ്റിൽ കൂടുതൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ ഈടാക്കുന്നത്. പാർക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തുകയോ, പിഴത്തുക ഒഴിവാക്കുകയോ വേണമെന്നാണ് ഉയരുന്ന ആവശ്യം.