ഗണേഷ്കുമാര്‍ വന്നിട്ടും മാറ്റമില്ല; ശമ്പളമെവിടെയെന്ന് ജീവനക്കാർ
ഫെബ്രുവരി പകുതിയായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും കിട്ടിയില്ല. പ്രതിഷേധത്തിനൊരുങ്ങി യൂണിയനുകള്‍
തിരുവനന്തപുരം:പുതിയ മന്ത്രി എത്തിയിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാരന് ശമ്പളമില്ല. ഫെബ്രുവരി പകുതിയായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും കൊടുക്കാനായില്ല.
കോര്‍പ്പറേഷന്‍ 50 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ആന്റണി രാജു കസേര ഒഴിഞ്ഞ് കെബി ഗണേഷ്കുമാര്‍ മന്ത്രി ആയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഏറെ പ്രതീക്ഷിച്ചതാണ്.
ഇനിയെങ്കിലും എല്ലാ മാസവും കൃത്യമായി ശന്പളം കിട്ടുമെന്ന്. ആര് മാറി വന്നാലും വരുമാനം എത്ര വര്‍ധിച്ചാലും ജീവനക്കാരന് കഷ്ടപ്പാടും ദുരിതവുമാണെന്ന ചരിത്രം കെഎസ്ആര്‍ടിസിയില്‍ ആവര്‍ത്തിക്കുകയാണ്.
ജനുവരിയിലും വരുമാനം 220 കോടി രൂപക്ക് മുകളിലായിരുന്നു. കെഎസ്ആര്‍ടിസി തലപ്പത്ത് നിന്ന് ബിജുപ്രഭാകര്‍ അവധിയെടുത്തത് കാരണം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തുക വാങ്ങിയെടുക്കാനോ, ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിനും തിരിച്ചടിയായി.
ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് തരപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്ന് മാസം ആയി. ഇതില്‍ ചീഫ് സെക്രട്ടറിയോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.