മണിമലയിൽ മുപ്പതിലധികം കുടുംബങ്ങൾ വഴിയും വെള്ളവും വെളിച്ചവുമില്ലാതെ വലയുന്നു
കിണർ കുത്താൻ സൗകര്യമില്ലാത്തതിനാൽ കുടിവെള്ളം പോലും വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഇവിടത്തുകാർ
കോട്ടയം: മണി മല പഞ്ചായത്ത് 13-ാം വാർഡിൽ ഉൾപ്പെട്ട വെള്ളൂ പുരയിടത്തെ മുപ്പതോളം കുടുംബങ്ങളാണ് വഴിയും വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുന്നത്. പലതവണ പരാതിപ്പെട്ടിട്ടും നാളിതുവരെ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മെയിൻ റോഡിൽ നിന്നും 250 മീറ്റർ മാത്രമാണ് പ്രദേശത്തേക്ക് നടവഴിയുള്ളത്. അവിടെ നിന്നും വനത്തിന് സമാനമായ സ്ഥലത്ത് കൂടി നടന്ന് വേണം ഇവർക്ക് വീടുകളിലെത്താൻ. വഴിയില്ലാത്തതിനാൽ കുട്ടികളും പ്രായമായവരുമടക്കം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
വഴി മാത്രമല്ല ഈ പ്രദേശത്തേക്ക് വെള്ളവും എത്തിയിട്ടില്ല. കിണർ കുത്താൻ സൗകര്യമില്ലാത്തതിനാൽ കുടിവെള്ളം പോലും വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഇവിടത്തുകാർ.
സാധാരണക്കാരായ ആളുകള്‍ താമസിക്കുന്നിവിടുത്തെ പ്രശ്നങ്ങള്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.