ഷുഹൈബ് വധക്കേസിൽ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണം: പിതാവ് മുഹമ്മദ്
സംഭവത്തിലെ മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്. സംഭവത്തിലെ മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.
തില്ലങ്കെരിയുടെ എഫ് ബി പോസ്റ്റ് ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ്, മാർട്ടിൻ ജോർജ് പറഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ പടല പിണക്കമാണ് വെളിപ്പെടുത്തലിനു പിന്നിലെന്നും മാർട്ടിൻ പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമായിരുന്നു. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലി നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.
കമന്‍റ് വിവാദമായതിനെ തുടർന്ന് തില്ലങ്കേരിക്ക് എതിരായ പോസ്റ്റ് ഡി.വൈ.എഫ്.ഐ നേതാവ് പിൻവലിച്ചിരുന്നു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സരീഷ് ആണ് എഫ് ബി പോസ്റ്റ് പിൻവലിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു ആകാശ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്.
ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.