തിരുവനന്തപുരത്ത് യുവാവിനെ വീടുകയറി ആക്രമിച്ചു
പോത്തൻകോട് മീനാറ സ്വദേശി ഷഹനാസിനാണ് മർദ്ദനമേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീടുകയറി ആക്രമിച്ചു. പോത്തൻകോട് മീനാറ സ്വദേശി ഷഹനാസിനാണ് മർദ്ദനമേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഷഹനാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു .
ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടിയാണ് അക്രമം. രണ്ടു ബൈക്കുകളിൽ ആയി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ഷഹനാസിനെ വീടുകയറി ആക്രമിച്ചു. പുറത്തുപോയ ഷഹനാസിനെ കാത്തുനിന്ന സംഘം ആദ്യം വീടിന് മുന്നിലെ വഴിയിൽ വച്ചാണ് ആക്രമിച്ചത്. വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ പിന്തുടർന്നെത്തി.
കമ്പിവടികൾ കൊണ്ടുള്ള അടിയേറ്റ് ഷഹനാസിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അക്രമികൾ ആരാണെന്നോ എന്താണ് കാരണം എന്നോ അറിയില്ലെന്ന് ഷഹനാസിൻ്റെ മൊഴിയിൽ പറയുന്നു. പ്രവാസിയായ ഷഹനാസ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. സി സി ടീ വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്. അക്രമത്തിന് പിന്നിൽ ക്വട്ടേഷൻ സംഘം ആണോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നു. ആളുമാറിയുള്ള ആക്രമണം ആണോ എന്ന സംശയവും പൊലീസിനുണ്ട്.