ലോക കേരളസഭയുടെ ഉദ്‌ഘാടന സമ്മേളനം ഒഴിവാക്കി; ആഘോഷപരിപാടികൾ ഉണ്ടാകില്ല
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.
ദക്ഷിണ കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികളാണ് മരിച്ചത്. ഈ സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിൽ എൻ.ബി.ടി.സി ആന്റ് ഹൈവേ കമ്പനിയിലെ 196 ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചിരുന്നു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ പരിക്കേറ്റ ആറ് മലയാളികൾ ഐ.സി.യുവിൽ കഴിയുകയാണ്. നിരവധി തമിഴ്നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.
മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച ഷമീർ എൻ.ബി.ടി.സി കമ്പനിയിലെ ഡ്രൈവറാണ്. അതേസമയം 49 പേരെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതിൽ 42 പേർ ഇന്ത്യക്കാരും ഏഴ് പേർ ഫിലിപ്പിനോ സ്വദേശികളുമാണ്. 42 പേരിൽ ഭൂരിപക്ഷവും മലയാളികളാണ്. ഇതിൽ എത്ര പേർ മരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.