ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവം; പൊലീസ് കേസെടുത്തു
വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് നടപടി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് നടപടി.
ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് എസ്ഐഒ സ്ഥാപിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ ഇസ്രായേല്‍ അനുകൂല വിദേശ വനിതകള്‍ തകര്‍ത്തത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരാതി ലഭിച്ചിട്ടും ആദ്യഘട്ടത്തില്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. പിന്നീടാണ് ഓസ്ട്രിയ സ്വദേശിയായ വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാരോപിച്ച് സ്റ്റേഷന് മുന്നില്‍ ഇന്നലെ രാത്രി വൈകിയും എസ്ഐഒവിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. മറ്റൊരു യുവതിയും സംഭവത്തില്‍ പങ്കാളിയായിരുന്നു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.