സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 1500ലേറെ പേർ ചികിത്സയിൽ
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന നടക്കുന്നതുകൊണ്ടാണ് രോഗം കണ്ടെത്താൻ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 199 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലു മരണവും കോവിഡ് മൂലം ആണെന്ന് കണ്ടെത്തി. കോവിഡ് ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഇപ്പോൾ കോവിഡ് വ്യാപനവും. പ്രതിദിനം പത്തിൽ താഴെ മാത്രം കോവിഡ് സ്ഥിരീകരിച്ച സ്ഥാനത്തുനിന്ന് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നൂറു കടന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 199 പേർക്ക്. 1,523 ആക്ടീവ് കേസുകളുമുണ്ട്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനിടെ കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അസുഖബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനം കൂടുമ്പോഴും സംസ്ഥാനത്തിന്റെ കണക്ക് സംബന്ധിച്ച കൃത്യമായ വിവരം ആരോഗ്യവകുപ്പ് നൽകുന്നില്ല. മെയ് മാസത്തിനുശേഷം കോവിഡ് രോഗികളുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലത്തേത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന നടക്കുന്നതുകൊണ്ടാണ് രോഗം കണ്ടെത്താൻ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.