''ഇന്ത്യക്ക് വേണ്ടത് ബുള്‍ഡോസർ രാഷ്ട്രീയമല്ല''- രമേശ് ചെന്നിത്തല

സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിലാണ് ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ ബുൾഡോസർ കയറ്റിയിറക്കിയതെന്നും ചെന്നിത്തല

Update: 2022-04-20 14:45 GMT
Advertising

ഡൽഹിയിലെ ജഹാംഗിർപുരിയിൽ കണ്ടത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിലാണ് ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ ബുൾഡോസർ കയറ്റിയിറക്കിയതെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിത്തല വ്യക്തമാക്കി


Full View

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഡൽഹിയിലെ ജഹാംഗിർപുരിയിൽ കണ്ടത് ഈ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണ്. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
സുപ്രീംകോടതിയിൽ നിന്ന് കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്യാനുള്ള വിധി പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷവും കോടതിവിധിയെ തെല്ലും മാനിക്കാതെയാണ് ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ മുന്നോട്ടുപോയത്.
സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളെ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനിന്ന് എതിർത്ത് പരാജയപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ബുൾഡോസർ രാഷ്ട്രീയമല്ല, ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇന്ത്യക്കാവശ്യം.

ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെയാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കല്‍ നടപടി തുടര്‍ന്നത്. ഒടുവില്‍ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തിയതോടെയാണ് കളം മാറിയത്. ജഹാംഹീർപുരിയിലെ പള്ളിയടങ്ങുന്ന കെട്ടിടങ്ങളാണ് കോടതി വിധിക്കു പിന്നാലെയും ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കല്‍ തുടര്‍ന്നത്. പിന്നാലെ, ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി നടപടി തടയുകയായിരുന്നു. അതിനിടെ, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകുകയായിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News