സിലിണ്ടറിൽ തൂക്കക്കുറവ്: ഐ.ഒ.സി ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണം
ലീഗൽ മെട്രോളജി വകുപ്പിന്‍റേതടക്കം വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയതാണ് സിലണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്
കൊച്ചി: പാചക വാതക സിലിണ്ടറിലെ ഗ്യാസ് അളവിൽ ഐ.ഒ.സി തട്ടിപ്പ് നടത്തിയെന്ന കേസിൽ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിനു നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ കോടതി വിധിച്ചു. രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടർന്നാണ് എറണാകുളം തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടിൽ സി.വി കുര്യൻ ഓയിൽ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.
പരാതിക്കാരന് ലഭിച്ച സിലിണ്ടർ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കാലിയായി. ലീഗൽ മെട്രോളജി വകുപ്പിന്‍റേതടക്കം വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയതാണ് സിലണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്.
ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫില്ലിംഗ് സ്റ്റേഷനിൽ 22-02-2017ൽ നടത്തിയ മിന്നൽ പരിശോധനയിൽ നിറസിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. 7,50,000 രൂപ ഓയിൽ കമ്പനിക്ക് അന്ന് പിഴ ചുമത്തി.
ഇത്തരം സംഭവം പരാതിക്കാരന്‍റെ മാത്രം പ്രശ്‌നമല്ലെന്നും വിപുലമായ രീതിയിൽ ഗ്യാസിന്റെ അളവിൽ കൃത്രിമം നടത്തി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ മെമ്പർമാരുമായ ബഞ്ച് നിരീക്ഷിച്ചു. നിരവധി ഉപഭോക്താക്കൾ ചൂഷണത്തിന് വിധേയരായെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള ഒരു ക്ലാസ് ലിറ്റിഗേഷനിലൂടെ മാത്രമേ എല്ലാവർക്കും നഷ്ടപരിഹാരം നൽകാനാവൂ. അതിനാൽ നഷ്ടപരിഹാരം പരാതിക്കാരനിൽ മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിടുകയാണുണ്ടായത്.