'ഫാസിസ്റ്റുകൾ ചോദിക്കുന്നു... എഴുത്ത് വേണോ കഴുത്ത് വേണോ?': ഇന്ദു മേനോൻ
സത്യസന്ധമായി ഇപ്പോൾ എഴുതാൻ കഴിയാത്ത അവസ്ഥയാണെന്നും ഇന്ദുമേനോൻ അഭിപ്രായപ്പെട്ടു
തിരുവനന്തപുരം: എഴുത്ത് വേണോ കഴുത്ത് വേണോ എന്ന ചോദ്യമാണ് ഫാസിസ്റ്റുകൾ ചോദിക്കുന്നതെന്ന് എഴുത്തുകാരി ഇന്ദു മേനോൻ. ഫാസിസത്തിനെതിരെ സംസാരിക്കുന്ന, എഴുതുന്ന, പ്രവർത്തിക്കുന്ന എല്ലാവരും ഇക്കാലത്ത് ഭയപ്പെടേണ്ടതുണ്ടെന്ന് ഇന്ദു മേനോൻ പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തോട് അനുബന്ധിച്ച് 'എന്‍റെ എഴുത്തിന്‍റെയും വായനയുടെയും ജീവിതം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'എഴുത്തിന്‍റെയും വായനയുടെയും പെൺ സമര ജീവിതം' എന്ന വിഷയത്തിൽ സംസാരിച്ച ഇന്ദുമേനോൻ, കുട്ടികാലം മുതൽ കുടുംബത്തിലും സമൂഹത്തിലും പുസ്തകങ്ങൾ വായിക്കാൻ വേണ്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൺപതുകളിൽ ജനിച്ച തനിക്ക് പോലും എഴുത്തും വായനയും വലിയ ഒരു സമരമായിരുന്നു. ഒരു കാലത്ത് വീട്ടിലെ പുരുഷാധിപത്യവും നിയന്ത്രണങ്ങളുമാണ് തന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതത്തെ അലട്ടിയിരുന്നതെങ്കിൽ ഇപ്പോൾ അലട്ടുന്നത് രാജ്യത്തെ ഫാസിസമാണെന്ന് ഇന്ദുമേനോൻ പറഞ്ഞു.
പണ്ട് ഹിന്ദുത്വ ഫാസിസം ഇത്രയും ശക്തമായിരുന്നില്ല. ഇന്നായിരുന്നെങ്കിൽ 'ലെസ്ബിയൻ പശു', 'സംഘപരിവാർ', 'ഹിന്ദുഛായയുള്ള മുസ്ലിം പുരുഷൻ' തുടങ്ങിയ കഥകളൊന്നും എഴുതാൻ കഴിയുമായിരുന്നില്ല. പാഠ്യപുസ്തകങ്ങളെ വരെ ഇവർ വിഷലിപ്തമാക്കുന്നു, ചരിത്രം മാറ്റി എഴുതുന്നു. സത്യസന്ധമായി ഇപ്പോൾ എഴുതാൻ കഴിയാത്ത അവസ്ഥയാണെന്നും ഇന്ദുമേനോൻ അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ഹോമോഫോബിയയ്ക്കുള്ള പ്രായശ്ചിത്തമാണ് 'ലെസ്ബിയൻ പശു' എന്ന തൻ്റെ ആദ്യ പുസ്തകമെന്ന് ഇന്ദു മേനോൻ പറഞ്ഞു.
പുസ്തകത്തിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വായിക്കാതെ 'ലെസ്ബിയൻ' എന്ന വാക്കിന്‍റെ പിറകെ പോയി വിവാദമാക്കാനാണ് ചിലർ ശ്രമിച്ചതെന്ന് അവർ സൂചിപ്പിച്ചു. നിരന്തരമുള്ള വായന നമ്മളെ പുതുക്കുകയും ശരിയുടെ രാഷ്ട്രീയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളിലും എഴുത്തിന്റെയും വായനയുടെയും പൂക്കാലം ഉണ്ടാകട്ടെയെന്നും എഴുത്തുകാരി ആശംസിച്ചു.