ഐ.എൻ.എല്ലിൽ അച്ചടക്ക നടപടി: ഇ.സി മുഹമ്മദിനെ പുറത്താക്കി

ഐ. എൻ. എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി

Update: 2021-07-05 10:16 GMT
Advertising

ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ പാർട്ടി പുറത്താക്കി. ഐ.എൻ.എൽ ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഐ. എൻ. എല്ലിന് ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

പാർട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇ.സി മുഹമ്മദ് ആരോപിച്ചിരുന്നു. എന്നാൽ, പി.എസ്‌.സി കോഴ ആരോപണം ഉന്നയിച്ചയാൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കാസിം ഇരിക്കൂർ പ്രതികരിച്ചു.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുൽ സമദിനെ പി.എസ്‌.സി അംഗമാക്കാൻ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്ന് ഇ.സി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാൻ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാൻ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരന്തൂർ മർക്കസ് ഐടിഐയിൽ ചേർന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടർന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവർത്തിക്കാനും ഐഎൻഎൽ സെക്രട്ടേറിയറ്റിൽ തീരുമാനമായതായി ഇസി മുഹമ്മദ് ആരോപിച്ചു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News