ഐ.എൻ.എൽ ദേശീയ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ മില്ലി അന്തരിച്ചു
ഐ.എൻ.എൽ ദേശീയ വൈസ് പ്രസിഡൻറും സ്ഥാപക നേതാക്കളിൽ പ്രധാനിയുമായ മൗലാന അബ്ദുറഹ്മാൻ മില്ലി (69) അന്തരിച്ചു. കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടർന്ന് മുംബൈ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പം പാർട്ടി രൂപവത്കരണത്തിൽ പങ്കാളിയായിരുന്നു.
മുംബൈയിലെ മുമ്പ്ര സ്വദേശിയായ അദ്ദേഹം മില്ലി കൗൺസിൽ സ്ഥാപക അംഗമാണ്. മഹാരാഷ്ട്ര ഉലമ കൗൺസിൽ ഭാരവാഹിയായിരുന്നു. 1992 മുംബൈ കലാപത്തിന്റെ നാളുകളിൽ ഇരകളെ സഹായിക്കാൻ നേതൃപരമായ പങ്കുവഹിച്ചു.അബ്ദുറഹ്മാൻ മില്ലിയുടെ വിയോഗത്തിൽ ഐ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ, ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ എന്നിവർ അനുശോചിച്ചു.