മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; അന്വേഷണം കോഴിക്കോട് കേന്ദ്രീകരിച്ച്
എടവണ്ണ സ്വദേശിയുടെ പേരിലുള്ള നമ്പറിൽ നിന്ന് പെൺകുട്ടികളുടെ ഫോണിലേക്ക് കോൾ വന്നിട്ടുണ്ട്. ഇതിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ്
Update: 2025-03-06 11:37 GMT


മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നുതായി താനൂർ എസ്എച്ച്ഒ ജോണി ജെ മറ്റം. എടവണ്ണ സ്വദേശിയുടെ പേരിലുള്ള നമ്പറിൽ നിന്ന് പെൺകുട്ടികളുടെ ഫോണിലേക്ക് കോൾ വന്നിട്ടുണ്ട്. ഇതിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
നിറമരുതൂർ സ്വദേശി മംഗലത്ത് അബ്ദുൾ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16) , മഠത്തിൽ റോഡ് സ്വദേശി പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരെയാണ് ബുധനാഴ്ച ഉച്ചമുതൽ കാണാതായത്. താനൂർ ദേവദാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.