വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണസംഘം ഇന്ന് ഹരിയാനയിലേക്ക് പോകും
ഹരിയാനയിലെ ഒരു പരീക്ഷാനടത്തിപ്പ് കേന്ദ്രവും പൊലീസ് നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണസംഘം ഇന്ന് ഹരിയാനയിലേക്ക് പോകും. തട്ടിപ്പിന്റെ കേന്ദ്രം ഹരിയാനയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രവും നിരീക്ഷണത്തിലാണ്.
ഹരിയാന ആസ്ഥാനമാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പരീക്ഷയെഴുതാൻ ആളുകളെ കൊടുക്കുകയാണ് ഈ സംഘം ചെയ്യുന്നത്. പരീക്ഷ എഴുതാൻ പോകുന്നവർക്ക് യാത്രക്കായി വിമാനം അടക്കം ഏർപ്പാടാക്കി നൽകുന്നുണ്ട് എന്നാണ് സൂചന.
469 പേരാണ് ഹരിയാനയിൽനിന്ന് വി.എസ്.എസ്.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇവരിൽ 85 പേരാണ് പരീക്ഷ എഴുതാൻ എത്തിയത്. ഒരു സംസ്ഥാനത്തുനിന്ന് മാത്രം ഇത്രയധികം പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.