സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പിണറായി വിജയന് ക്ഷണം; ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു
എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും സിപിഎം, സിപിഐ നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
ഡൽഹി: മൂന്നാം എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിദേശ രാഷ്ട്ര തലവന്മാരടക്കം വിവിധ നേതാക്കൾ പങ്കെടുക്കും. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരത്തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും.
അതേസമയം, ചടങ്ങിലേക്ക് ഇൻഡ്യ മുന്നണി നേതാക്കൾക്കും എംപിമാർക്കും ക്ഷണം ലഭിച്ചിട്ടില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, സി.പി.എം, സി.പി.ഐ, ആർ.എ.സ്പി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ക്ഷണം ലഭിച്ചിട്ടില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.