ബൈക്ക് റേസിംഗ് നിയന്ത്രിക്കാറുണ്ടോ? പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം
തിരുവനന്തപുരം: ബൈക്ക് റേസിംഗ് നിയന്ത്രിക്കാറുണ്ടോയെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യം. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവളം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കമീഷൻ ഇടപെടൽ. ഇന്നലെ നടന്ന അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25), വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയിൽ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലറ്റു പോയി. മറ്റ് ശരീരാവശിഷ്ടങ്ങളും റോഡിൽ ചിതറി. ഇടിച്ച ബൈക്ക് 100 മീറ്ററോളം തെറിച്ചു പോവുകയും ചെയ്തു. പരിക്കേറ്റ അരവിന്ദൻ സമീപത്തെ ഓടയിലായിരുന്നു കിടന്നത്. രണ്ട് ബൈക്കുകളിലായി റേസിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.