‘ഇസ്രായേൽ തെമ്മാടി രാഷ്ട്രമായി മാറി, വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും’: എം.കെ മുനീർ
''ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുന്നു. ഫലസ്തീനിൽ നടക്കുന്നതു വംശീയ ഉന്മൂലനം''
കോഴിക്കോട്: ഇസ്രായേൽ തെമ്മാടി രാഷ്ട്രമായി മാറിയെന്ന് എം.കെ മുനീർ. ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുന്നു. ഫലസ്തീനിൽ നടക്കുന്നതു വംശീയ ഉന്മൂലനമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.
ഇസ്രായേൽ അതിന്റെ ധിക്കാരം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും. ഫലസ്തീനെ തുടച്ചുമാറ്റുമെന്ന രീതിയിലാണ് ഇസ്രായേൽ മുന്നോട്ടു പോവുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് അമേരിക്കയടക്കം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചൈന പോലും പറയുന്നത് ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ്. ഓരോ 24 മണിക്കൂറിലും എഴുന്നൂറും എണ്ണൂറും ആളുകൾ ഫലസ്തീനിൽ മരിച്ചുവീഴുന്നു- എം.കെ മുനീര്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഇന്നു നടത്തുന്ന മഹാറാലിയിൽ ലക്ഷങ്ങൾ അണിനിരക്കും. ഇതൊരു ആഹ്ളാദ പ്രകടനമല്ല, തെരഞ്ഞെടുപ്പ് റാലിയല്ല, മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ വലിയ കരച്ചിലാണെന്നും മുനീർ വ്യക്തമാക്കി.