ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണ
60 കോടതികൾ ഉൾപ്പെടുന്ന പുതിയ ഹൈക്കോടതി മന്ദിരമാണ് നിർമിക്കുക.
കൊച്ചി: ഹൈക്കോടതി ഉൾപ്പെടുന്ന ജൂഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ ഉന്നതതല യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, നിയമ മന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർനടപടികൾക്ക് യോഗം രൂപം നൽകി. 60 കോടതികൾ ഉൾപ്പെടുന്ന പുതിയ ഹൈക്കോടതി മന്ദിരമാണ് നിർമിക്കുക.
ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ നേരത്തെ തന്നെ ചർച്ച നടന്നിരുന്നു. 27 ഏക്കർ സ്ഥലം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ കൂടുതൽ സ്ഥലം ഏറ്റെടുത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജൂഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിങ് സൗകര്യം എന്നിവ കളമശ്ശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.