തൃശൂരില്‍ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം; ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി വിട്ടുകൊടുത്തില്ലെന്ന് ബന്ധുക്കൾ
താലൂക്ക് ആശുപത്രിയിൽ നിന്ന് ഒരു കിലോ മീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തും മുൻപ് മലങ്കര സ്വദേശിയായ സുധീഷ് ഓക്സിജൻ കിട്ടാതെ മരിച്ചു
തൃശൂർ: തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ എത്തിയ രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് കൊടുത്തില്ലെന്ന് പരാതി. താലൂക്ക് ആശുപത്രിയിൽ നിന്ന് ഒരു കിലോ മീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തും മുൻപ് മലങ്കര സ്വദേശിയായ സുധീഷ് ഓക്സിജൻ കിട്ടാതെ മരിച്ചു. ഡോക്ടർമ്മാരുടെ അശ്രദ്ധയാണ് ഭർത്താവിന്‍റെ മരണത്തിന് കാരണമെന്ന് നഴ്‌സ് കൂടിയായ ജിഷ പറയുന്നു.
കഴിഞ്ഞ 11-ാം തിയതി അർദ്ധ രാത്രിയാണ് കാണിപ്പയ്യൂർ വീട്ടിൽ സുധീഷിനെ നെഞ്ച് വേദനയെ തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിച്ചത്. ഡ്യുട്ടി ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകി, മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. തുടർന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയിൽ എത്തിയ ആംബുലൻസിൽ യാതൊരു മുന്നൊരുക്കവുമില്ലാതെ കയറ്റി വിട്ടു.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉണ്ടെന്നിരിക്കെ, പുറത്ത് നിന്നുള്ള ആംബുലൻസിൽ രോഗിയെ അയച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതം അനുഭവിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നുവെന്നാണ് ആക്ഷേപം. വീഴ്ച കണ്ടെത്തിയിട്ടും ഡോക്ടർമാർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.