സി.പി.എം തെറ്റുതിരുത്തൽ രേഖ: ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് നിർദേശം
ക്ഷേത്ര ഭരണസമിതികൾ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ രേഖയിൽ ഉണ്ടാകും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന് അന്തിമ രൂപമാക്കും. അടിസ്ഥാന വോട്ട് ബാങ്ക് ആയി കണക്കാക്കുന്ന ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്ന്.
ക്ഷേത്ര ഭരണസമിതികൾ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ രേഖയിൽ ഉണ്ടാകും. ജനക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണം എന്ന നിർദ്ദേശം സർക്കാറിനു മുന്നിലേക്ക് പാർട്ടി വെക്കും.
കീഴ് ഘടകങ്ങളിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ആളെ കിട്ടാത്തത് പരിഹരിക്കാൻ വേണ്ടി പ്രാദേശിക നേതൃത്വം ഇടപെടൽ നടത്തണമെന്ന നിർദ്ദേശവും തെറ്റുതിരുത്തൽ രേഖയിൽ ഉണ്ടാകും.
ക്ഷേമ പെൻഷൻ കുടിശിക നൽകുക ,സപ്ലൈകോയ്ക്ക് ആവശ്യമായ ധനസഹായം നൽകുക,സർക്കാർ ജീവനക്കാരുടെ കുടിശ്ശികയടക്കം കൊടുത്തു തീർക്കണം, എന്നതടക്കമുള്ളവയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനം