'കശ്മീരിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്'; ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിനെത്തിയ കശ്മീരി പ്രതിനിധികൾ
മോദിയുടെ ഭീകരവാദത്തെയാണ് തങ്ങൾക്കേറ്റവും ഭയമെന്നും പ്രതിനിധികൾ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: സ്വതന്ത്ര പദവി നഷ്ടമായ കശ്മീരിൽ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിനെത്തിയ കശ്മീരിൽ നിന്നുള്ള പ്രതിനിധികൾ. മോദിയുടെ ഭീകരവാദത്തെയാണ് തങ്ങൾക്കേറ്റവും ഭയമെന്നും പ്രതിനിധികൾ മീഡിയവണിനോട് പറഞ്ഞു.
പതിമൂന്നാം അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ സമ്മേളനത്തിൽ കാശ്മീർ പ്രതിനിധികളായായി എത്തിവരാണ് ആശങ്ക പ്രകടിപ്പിച്ചത്. നാട്ടിലെന്താണ് വിശേഷമെന്ന് ചോദിച്ചപ്പോൾ മറുപടിയേറെയും പരാതികളായിരുന്നു. സംസ്ഥാനപദവി നഷ്ടമായ കശ്മീർ ഇപ്പോൾ ഭരിക്കുന്നത് റിലയൻസും അദാനിയും പോലെയുള്ള വൻകിടക്കാരാണ്. എത്രജോലി ചെയ്താലും ശമ്പളവുമില്ലെന്ന് ലത്തീഫയും മുബീനയും പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് പ്രതിനിധികൾ വിമർശിച്ചത്. ജീവനെടുക്കുന്ന തീവ്രവാദത്തേക്കാൾ ഞങ്ങൾ ഭയക്കുന്നത് മോദിയുടെ തീവ്രവാദത്തെയാണ് അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ഭൂമിയിലെ സ്വർഗമെന്നറിയപ്പെടുന്ന കശ്മീരിൽ നിന്നുള്ളവരോട് കേരളത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യമുയർന്നു. സ്വർഗതുല്യമെന്നായിരുന്നു മറുപടി. അവസരം ലഭിച്ചാൽ ഇനിയും കേരളത്തിൽ വരുമെന്നും കാശ്മീരി പ്രതിനിധികൾ പറഞ്ഞു.