വംശീയ രാഷ്ട്രീയത്തിന്റെ അടിവേരിളക്കിയ വിജയം-ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ
'സംവരണം നടപ്പാക്കുമെന്നും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നും പറയാൻ കോൺഗ്രസ് കാണിച്ച ആർജവം ഏറെ ശ്രദ്ധേയമാണ്.'
കോഴിക്കോട്: വംശീയ രാഷ്ട്രീയത്തിന്റെ അടിവേരിളക്കിയ വിജയമാണ് കർണാടകയിൽ നടന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. മോദിയും അമിത്ഷായും പയറ്റിയ വംശീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ കടപുഴക്കിയ തെരഞ്ഞെടുപ്പ് വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ്, ലവ് ജിഹാദ്, സംവരണം തുടങ്ങി സമുദായ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള മുഴുവൻ വർഗീയ കാർഡുകളും ഇറക്കിക്കളിച്ചിട്ടും ജനം സംഘ്പരിവാറിനെ തള്ളിക്കളഞ്ഞിരിക്കുന്നു. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം വഴി നേരിടുന്ന കോൺഗ്രസിന്റെ പതിവുശീലങ്ങൾ തെറ്റിച്ച രാഷ്ട്രീയ നീക്കമാണ് കർണാടകയിലേതെന്നും മുജീബുറഹ്മാൻ ചൂണ്ടിക്കാട്ടി.
സംവരണം നടപ്പാക്കുമെന്നും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നും പറയാൻ കോൺഗ്രസ് കാണിച്ച ആർജവം ഏറെ ശ്രദ്ധേയമാണ്. വംശീയതയോടും ഫാഷിസത്തോടുമുള്ള പോരാട്ടം കൃത്യവും വ്യക്തവുമായ മതേതര പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ സാധ്യമാകൂ എന്ന രാഷ്ട്രീയ തിരിച്ചറിവ് കോൺഗ്രസിന് നൽകുകകൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം. രാഹുൽ ഗാന്ധി പറഞ്ഞതുപോലെ, കർണാടകയിലെ മനുഷ്യർ വെറുപ്പിന്റെ അങ്ങാടിയിൽ സ്‌നേഹത്തിന്റെ കട തുറന്നിരിക്കുകയാണെന്നും അമീർ കൂട്ടിച്ചേർത്തു.
Summary: 'It was a resounding victory which derouted racist politics'; says Jamaat-e-Islami Hind Kerala Ameer P Mujeeburahman about Karnataka assembly election result