വിടപറഞ്ഞത് വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദത്തിനു വേണ്ടി നിലകൊണ്ട മതമേധാവി-പി. മുജീബ് റഹ്‌മാൻ

'ജമാഅത്തെ ഇസ്‌ലാമിയുടെ നല്ല സുഹൃത്തായിരുന്നു ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവ. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.'

Update: 2024-10-31 14:58 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ അനുശോചിച്ചു. വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദത്തിനു വേണ്ടി നിലകൊണ്ട മതമേധാവിയായിരുന്നു ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവ. ജമാഅത്തെ ഇസ്‌ലാമിയുടെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അമീർ അനുസ്മരിച്ചു.

തോമസ് പ്രഥമൻ ബാവയുടെ സൗഹാർദവും വിനയവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന പെരുമാറ്റം ആരെയും ആകർഷിക്കും. വിവിധ വിശ്വാസങ്ങളും ആശയങ്ങളും പിന്തുടരുമ്പോൾ തന്നെ പരസ്പരമുള്ള ആദരവും ഉൾക്കൊള്ളലുമാണ് സമൂഹത്തിന്റെ ശക്തിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ യാക്കോബായ സഭയെ കരുത്തോടെ മുന്നോട്ടുനയിച്ച നേതാവാണ്. ഏത് പ്രയാസകരമായ സന്ദർഭത്തെയും പ്രാർഥനകൊണ്ട് അതിജീവിക്കാമെന്ന തത്വമാണ് അദ്ദേഹം ജീവിതത്തിലൂടെ പകർന്നുനൽകിയത്. അവശ്യസമയത്ത് പോരാട്ടവീര്യത്തോടെ സമരരംഗത്തിറങ്ങാനും അദ്ദേഹം മടികാണിച്ചില്ലെന്നും പി. മുജീബ് റഹ്‌മാൻ പറഞ്ഞു.

യാക്കോബായ സഭയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ് ബസേലിയോസ് തോമസ് പ്രഥമൻ വഹിച്ചത്. സഭയുടെ സമഗ്രവളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. അദേഹത്തിന്റെ അഭാവം സഭയ്ക്കും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ ജമാഅത്തെ ഇസ്‌ലാമി പങ്കുചേരുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബ് റഹ്‌മാൻ പറഞ്ഞു.

Summary: Jamaat-e-Islami Kerala Ameer P Mujeeb Rahman condoles the demise of Jacobite Syrian Orthodox Church head Baselios Thomas Bawa

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News