ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ജമാഅത്തെ ഇസ്‌ലാമി
''വിദ്യാർഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളും പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭരംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാരിന്റെ വാദം വിചിത്രകരമാണ്.''
മലപ്പുറം: പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർഥികൾ ഹയർസെക്കന്‍ഡറി പ്രതിസന്ധി അനുഭവിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാർഥികൾക്ക് ഹയർ സെക്കന്‍ഡറി സീറ്റുകൾ ലഭ്യമല്ലാത്തതെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
വിദ്യാർഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളും ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭരംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാരിന്റെ വാദം വിചിത്രകരമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനുമുന്‍പ് ആവശ്യമായത്ര പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ കെ.പി, വൈസ് പ്രസിഡന്‍റ് എ.ടി ഷറഫുദ്ദീൻ, ഹബീബ് ജഹാൻ, വി.പി.എ ശാക്കിർ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.
Summary: Jamaat-e-Islami Malappuram district secretariat has demanded that the Kerala government take immediate steps to implement the High Court order to resolve the shortage of Plus One batches within 15 days.