റിയാസ് മൗലവി വധം: ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണം- ജമാഅത്തെ ഇസ്‌ലാമി
'കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നത്'
കോഴിക്കോട്: റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും വെറുതെവിട്ട കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.
സാക്ഷിമൊഴികളും ഫോറന്‍സിക് തെളിവുമെല്ലാം നിലനില്‍ക്കുന്ന കേസില്‍ കോടതിയില്‍ നിന്നുണ്ടായ ഈ വിധി നീതിയിലും നിയമത്തിലും വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. സംഘ്പരിവാര്‍ ബന്ധമുള്ളവര്‍ പ്രതികളാവുന്ന കേസുകളില്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന്റേയും അന്വേഷണ സംഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വഴിവിട്ട നീക്കങ്ങള്‍ റിയാസ് മൗലവിയുടെ അന്വേഷണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പള്ളിക്കകത്ത് വെച്ച് സംഘ്പരിവാര്‍ നടത്തിയ വംശീയ കൊലയെ ലാഘവവല്‍കരിക്കാനും അതുവഴി കേസിനെ ദുര്‍ബലമാക്കാനുമാണ് അന്വേഷണ സംഘം ശ്രമിച്ചിട്ടുള്ളത്. പ്രതികളാക്കപ്പെട്ടവരുടെ സംഘ്പരിവാര്‍ ബന്ധം ബോധപൂര്‍വം മറച്ചുപിടിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സുതാര്യവും സത്യസന്ധവുമായ രീതിയില്‍ പ്രതികള്‍ക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പകരം അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ സംഘ്പരിവാര്‍ പ്രീണന നീക്കമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് കൊണ്ടെത്തിച്ചിട്ടുള്ളത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തിരിച്ചറിഞ്ഞ് റിയാസ് മൗലവി വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് സത്യസന്ധമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പി. മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.