നൃത്തപരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സംയുക്ത പരിശോധനാ റിപ്പോർട്ട്
പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്നാണ് സംയുക്ത റിപ്പോർട്ട് തയ്യാറാക്കിയത്.
കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടം പറ്റിയ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്നാണ് സംയുക്ത റിപ്പോർട്ട് തയ്യാറാക്കിയത്.
സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. മകൻ കയറി കണ്ടപ്പോൾ എംഎൽഎ കണ്ണ് തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രാവിലെ 10ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നാൽ മാത്രമേ ആരോഗ്യനിലയിൽ എത്രത്തോളം മാറ്റമുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.