കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്‌പെൻഷൻ; കടുത്ത നടപടിയുമായി സർക്കാർ
ചീഫ് സെക്രട്ടറിയുടെ ശിപാർശ അംഗീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സർവീസ് ചട്ടലംഘനത്തിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഓഫീസർമാർക്കെതിരെ നടപടിയുമായി സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്‌പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനു സസ്‌പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തുന്ന എൻ. പ്രശാന്തിനെതിരായ നടപടി വേഗത്തിൽ വേണമെന്ന അഭിപ്രായം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനം തുടരുന്ന പ്രശാന്തിനെതിരെ വിശദീകരണം തേടാതെ തന്നെ നടപടിയെടുക്കാം എന്ന റിപ്പോർട്ട് ശനിയാഴ്ച തന്നെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.
പരസ്യ വിമർശനങ്ങൾ നടത്തുന്നതിൽ സർക്കാരിൽ നിന്ന് എതിർപ്പ് തുടർന്നിട്ടും പ്രശാന്ത് അത് അവസാനിപ്പിച്ചിരുന്നില്ല. കർഷകനാണ് കളപറിക്കാൻ ഇറങ്ങിയതാണെന്ന ഞായറാഴ്ചത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ലക്ഷ്യം വെക്കുന്നത് എ. ജയതിലക് ഐഎഎസിനെ തന്നെയാണ് . ഫലഭൂയുഷ്ടിമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണമായും നശിപ്പിക്കാൻ കഴിയുന്ന കൃഷിവകുപ്പിൻറെ യന്ത്രത്തിൻറെ ഫോട്ടോ വച്ചാണ് ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ്. കളകളെ ഭയപ്പെടേണ്ടതില്ല എന്നു പറയുന്ന വാചകം ജയതിലകിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിക്കുന്നത് ഏതു ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കിയിരുന്നു. താൻ ആരാണെന്ന് ചോദിച്ച പ്രശാന്തിന് മറുപടിയില്ലെന്ന് പറഞ്ഞ മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ,സത്യസന്ധത ഇല്ലാത്ത ഉദ്യോഗസ്ഥനാണ് പ്രശാന്ത് എന്നും ആരോപിച്ചു.
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കാം എന്ന റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ പരസ്യമായ ചേരിപ്പോരിൽ ഏർപ്പെടുന്നതിൽ സിപിഎം നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.