'സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താന്‍ തയ്യാറാണ്'; വൈക്കം ശതാബ്ദിയാഘോഷ പരിപാടിയിൽ അവഗണിച്ചതായി കെ മുരളീധരൻ എം.പി
വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് കച്ചേരി നിർത്തിയ ആളോട് വീണ്ടും പാടുമോയെന്ന് ചോദിക്കുമോയെന്നായിരുന്നു മുരളീധരന്‍റെ മറുപടി
കൊച്ചി: വൈക്കം ശതാബ്ദിയാഘോഷ പരിപാടിയിൽ തന്നെ അവഗണിച്ചതായി കെ മുരളീധരൻ എം.പി. പാർട്ടി പത്രമായ വീക്ഷണത്തിന്‍റെ സപ്ലിമെൻ്റിലും തന്നെ അവഗണിച്ചതായി മുരളീധരന്‍ പറഞ്ഞു. ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താന്‍ താന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയാണ് തന്നെ സ്ഥാനങ്ങളില്‍ എത്തിച്ചത്. ആ പാര്‍ട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ലെന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതിയെന്നും ഇക്കാര്യം കെ.സി വേണുഗോപാലിനോടും കെ സുധാകരനോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവം. വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് കച്ചേരി നിർത്തിയ ആളോട് വീണ്ടും പാടുമോയെന്ന് ചോദിക്കുമോയെന്നായിരുന്നു മുരളീധരന്‍റെ മറുപടി.
അതെ സമയം കെ.മുരളീധരന് അതൃപ്തിയുള്ളതായി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആയതിനാൽ പ്രശ്നം ഇനിയും പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.