കരുണാകരന്‍, മുരളീധരന്‍, പത്മജ; ഒന്നിച്ചുതോറ്റുപരിചയിച്ച രാഷ്ട്രീയ കുടുംബം
നേമത്ത് ഒരിക്കല്‍ പോലും ലീഡിലേക്കുയരാന്‍ സാധിക്കാതിരുന്ന മുരളീധരന്‍ എല്‍.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കും ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരനും പത്മജ വേണുഗോപാലും പരാജയപ്പെട്ടു. ഒരുമിച്ച് മത്സരിച്ചപ്പോള്‍ തോറ്റ ചരിത്രം കെ.കരുണാകരന്റെ കുടുംബത്തെ വിടാതെ പിന്തുടരുകയാണ്. 2004 വടക്കാഞ്ചേരിയില്‍ മുരളീധരനും ചാലക്കുടി (മുകുന്ദപുരം)യില്‍ പത്മജയും മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. 1996ല്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മുരളിയും തൃശ്ശൂരിൽ കെ.കരുണാകരനും പരാജയപ്പെട്ടിരുന്നു.
കടുത്ത മത്സരം പ്രതീക്ഷിച്ച നേമത്ത് ഒരിക്കല്‍ പോലും ലീഡിലേക്കുയരാന്‍ സാധിക്കാതിരുന്ന മുരളീധരന്‍ എല്‍.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കും ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥി ഒ. രാജഗോപാല്‍ വിജയിച്ച മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. നേമത്ത് ഇനി ബി.ജെ.പിയെ വാഴിക്കില്ലെന്ന ഇടതുപക്ഷ നിലപാടിനൊപ്പം നേമത്തെ ജനങ്ങള്‍ നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ തവണ വട്ടിയൂർക്കാവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുരളീധരന് തിരിച്ചടിയാണ് ഈ തോൽവി.
മുരളീധരന്റെ സഹോദരിയും തൃശൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ പത്മജ വേണുഗോപാലും തോൽവി രുചിച്ചു. എല്‍.ഡി.എഫിന്റെ പി. ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഇവിടെ ലീഡ് ചെയ്തിരുന്നുവെങ്കിലും ഒടുവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.