തന്നെ കുരുതി കൊടുക്കുകയായിരുന്നോ എന്ന് ജനം തീരുമാനിക്കട്ടെ; കെ. മുരളീധരന്‍
ബി.ജെ.പി വിജയിച്ചത് വേദനിപ്പിച്ചു. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ ദുഃഖമില്ലായിരുന്നു.
തൃശൂർ: തല്‍ക്കാലം പൊതു രംഗത്ത് നിന്ന് വിട്ടുനിക്കുന്നുവെന്നും ഇനി മല്‍സരിക്കാനില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തനിക്കായി തൃശൂരില്‍ എത്തിയില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. തൃശൂരില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ കുരുതി കൊടുക്കുകയായിരുന്നോ എന്ന് ജനം ഭാവിയിൽ തീരുമാനിക്കട്ടെയെന്ന് മുരളീധരൻ പറഞ്ഞു.
പത്മജ പാര്‍ട്ടിയില്‍ നിന്ന് പോകുന്നു. ഇവിടെ മലമറിക്കാൻ പോകുന്നുവെന്ന് പറഞ്ഞത് കൊണ്ട് വെല്ലുവിളി ഏറ്റെടുത്തു. തൃശൂരില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഉദ്ദേശിച്ച രീതിയിൽ സംസ്ഥാന നേതൃത്വം ഇടപെട്ടില്ല. വടകരയില്‍ മല്‍സരിച്ചെങ്കില്‍ താന്‍ ജയിച്ചേനെ. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. തന്നെ കുരുതി കൊടുക്കുകയായിരുന്നോ എന്ന് ജനം ഭാവിയിൽ തീരുമാനിക്കട്ടെ അദ്ദേഹം പറഞ്ഞു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രിയും സുനിൽകുമാറിനായി പലയിടത്തും മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എനിക്കായി ആകെ ഡി.കെ ശിവകുമാർ സൂര്യൻ കത്തി നിൽക്കുന്ന നേരത്ത് മാത്രമേ വന്നുളളു. കെ മുരളീധരൻ പറഞ്ഞു. ബി.ജെ.പി വിജയിച്ചത് വേദനിപ്പിച്ചു. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖമില്ലായിരുന്നുവെന്ന് മുരളീധരന്‍ കൂട്ടിച്ചേർത്തു.
ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി. ഇതാണ് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. മുന്നാക്ക സമുദായത്തിന്‍റെ മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും സമാഹരിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ചില മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടുകൾ എൽ.ഡി.എഫിനൊപ്പം നിന്നു. കേരളത്തിലെ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനൊപ്പം ബി.ജെ.പിയും പങ്കിട്ടുവെന്ന് മുരളീധരന്‍ തുറന്നടിച്ചു.