ക്ഷേമ പെൻഷൻ തട്ടിപ്പ്; മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും ഇവർ തിരിച്ചടയ്ക്കണം
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 1960ലെ കേരള സിവിൽ സർവീസ് റൂൾ തരംതിരിക്കലും നിയന്ത്രണ അപ്പീലും പ്രകാരമുള്ള അന്വേഷണവിധേയമായ സസ്‌പെൻഷനാണ് ഇവർക്കെതിരായ നടപടി. ഇവരോട് അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്.
കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി. വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവർക്കെതിരെയാണ് നടപടി.
ധനവകുപ്പ് സംസ്ഥാനവകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനിലെ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണം എന്ന് ശിപാർശ ചെയ്തു. ഒപ്പം തന്നെ 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണം എന്ന നിർദേശവും നൽകിയിരുന്നു. ഇത് വിവിധ വകുപ്പുകളാണ് നടപ്പിലാക്കേണ്ടത്.
വാർത്ത കാണം-